ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പഞ്ചായത്തിന്റെ ഭൂരിഭാഗവും നിലവും ബാക്കി ഉയര്‍ന്ന പ്രദേശങ്ങളുമായിരുന്നു. നിലം നികത്തി അതിനുമേല്‍ സ്ഥാപിതമായ സ്ഥലമായതു കൊണ്ട്  നിലമേല്‍  എന്ന പേര് സ്ഥലത്തിനു ലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നിലത്തിനു സമീപം ഉയര്‍ന്ന (മേല്‍ ) പ്രദേശത്തു ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം നിലകൊള്ളുന്നതുകൊണ്ട് നിലമേല്‍  എന്ന പേരു ലഭിച്ചതായും പഴമക്കാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ആദ്യകാല നാമം നിലയ്ക്കല്‍  എന്നായിരുന്നെന്നും കാലക്രമത്തില്‍ നിലമേല്‍  ആയിത്തീര്‍ന്നതാണെന്നും എണ്‍പത്തിയഞ്ചു വയസ്സിനുമേല്‍ പ്രായമുള്ള സ്ഥലവാസികള്‍ ഓര്‍ക്കുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും അടക്കി വാണിരുന്ന കുടുംബത്തിന്റെ പേര് നിലമേല്‍ വീട് എന്നായിരുന്നു. ആ കുടുംബപ്പേര് പിന്നീടു സ്ഥലനാമമായി പരിണമിച്ചു എന്നും വിവക്ഷയുണ്ട്. എന്തായാലും കൊട്ടാരക്കര താലൂക്കിന്റെ നെല്ലറ എന്നു മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ശോഭനമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് കരുതാം. പ്രദേശത്ത് അധിവസിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജാതിപ്പേരുകള്‍ പില്‍ക്കാലത്തു സ്ഥലനാമങ്ങളായി അറിയപ്പെടാനിടയായി. പഞ്ചായത്തിലെ പാണന്‍കോണം, പറയരുകോണം എന്നിവ ഉദാഹരണം. കൈത്തോടുകള്‍ ധാരാളമുണ്ടായിരുന്ന കൈതോടും, വെറ്റിലക്കൊടിയുടെ കേന്ദ്രമായിരുന്ന കൊടിക്കോണവും വൃക്ഷങ്ങളുടെ പേരുമായി ബന്ധപ്പെട്ട മുളയക്കോണം, മുരുക്കുമണ്‍ , കൈതക്കുഴി, ആഴാന്തക്കുഴി എന്നിവയും സ്ഥല നാമങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ലൂഥറന്‍ മിഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിലമേലിലെ ഉയര്‍ന്ന പ്രദേശത്ത് അമേരിക്കന്‍ മിഷനറിമാര്‍ നിര്‍മ്മിച്ച മനോഹരമായ ബംഗ്ളാവുണ്ട്. ഈ സ്ഥലം ബംഗ്ളാവുകുന്ന്- ഇപ്പോള്‍ ബംഗ്ളാംകുന്ന് - എന്നറിയപ്പെടുന്നു. വേയ്ക്കല്‍ , കരുന്തലക്കോട്, കണ്ണന്‍കോട്, പരുത്തിയില്‍ , മണലയം, നെട്ടയം, ചേറാടുകുഴി, വെളളരി എന്നിവയൊക്കെ പ്രകൃതിയുമായും സമൂഹവുമായും ബന്ധപ്പെട്ട സ്ഥലനാമങ്ങളില്‍പെടും.

സ്വാതന്ത്ര്യ സമരചരിത്രം

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ പഞ്ചായത്തിലെ ധീരയോദ്ധാക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ഐതിഹാസികമായ കടയ്ക്കല്‍ വിപ്ളവത്തിലും ആറ്റിങ്ങല്‍ പ്രക്ഷോഭത്തിലും നിലമേല്‍ പഞ്ചായത്തിലെ സേനാനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. 1114 കന്നി 18-ാം തീയതി ബ്രിട്ടീഷ് പട്ടാളത്തിന്റെ പ്രയാണം തടയാന്‍ റോഡിനു കുറുകെ മരങ്ങള്‍ മുറിച്ചിടുകയും കലുങ്കുകള്‍ തകര്‍ക്കുകയും ചെയ്ത് പട്ടാളത്തിന്റെ മുന്നറ്റം ഫലപ്രദമായി തടഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ശിക്ഷിക്കപ്പെട്ടവരില്‍ 7 വര്‍ഷവും 7 മാസവും ജയില്‍ ശിക്ഷയനുഭവിച്ച കമ്പനിമല വിശ്വനാഥന്‍ നിലമേലിന്റെ അഭിമാനമായി. രാഘവന്‍ വൈദ്യന്‍ , രാമന്‍കുട്ടി, ചായക്കട നാരായണന്‍ , പരമു മേശിരി, ഈട്ടി ഹനീഫ, കൃഷ്ണന്‍ മേശിരി, മുതുകുടിയില്‍ അബ്ദുല്‍ ഖരീം, മാമൂട്ടില്‍ ഷാഹുല്‍ ഹമീദ് എന്നിവരും അറിയപ്പെടാത്ത മറ്റനേകം പേരും സ്വാതന്ത്ര്യ സമരത്തിലെ ഈ പഞ്ചായത്തിലെ കണ്ണികളായിട്ടുണ്ട്.

സാമൂഹിക-സാംസ്ക്കാരിക ചരിത്രം

ഈ പ്രദേശത്തിന്റെ സാമൂഹിക-സാംസ്ക്കാരിക പുരോഗതിക്കു ചെറുതല്ലാത്ത പങ്കുവഹിച്ച പല വ്യക്തികളുമുണ്ട്. നിലമേല്‍ എന്‍ എസ് എസ് കോളേജ്, പഞ്ചായത്താഫീസ്, ഗവ: യു.പി. സ്കൂള്‍ തുടങ്ങി മറ്റു പല പൊതു സ്ഥാപനങ്ങള്‍ക്കും സ്ഥലം സംഭാവന ചെയ്ത നിലമേല്‍ രാമനുണ്ണിത്താന്‍ , വലിയ വീട്ടില്‍ വേലായുധനുണ്ണിത്താന്‍ എന്നിവരുടെ പേരുകള്‍ കൃതജ്ഞതയോടെയേ സ്മരിക്കാന്‍ കഴിയൂ. നാടിന്റെ സാമൂഹ്യ പുരോഗതിക്കാധാരമായ ഹൈസ്ക്കൂള്‍ , കോളേജ്, ആശുപത്രി, സഹകരണ സംഘം എന്നിവയുടെ ആവിര്‍ഭാവത്തിനു മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ച മാറ്റാപള്ളി മജീദ്, മുന്‍ എം എല്‍ എ  വി. പ്രഭാകരന്‍ ,  നാവായ്ക്കുളം റഷീദ്, കലാ-സാഹിത്യ രംഗങ്ങളില്‍ സംഭാവനകള്‍ നല്കിയിട്ടുള്ള ആനപ്പുഴയ്ക്കല്‍ രാഘവന്‍ , നിലമേല്‍ അഞ്ചലാപ്പീസ് സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുക്കുകയും ആദ്യത്തെ അഞ്ചല്‍ മാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത എസ്. കൃഷ്ണ പിള്ള എന്നീ പേരുകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിലമേലുള്ള പ്രധാന ക്ഷേത്രം ഉണ്ണിത്താന്‍മാരുടെ കുടുംബ ക്ഷേത്രമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമാണ്. ഠൌണിനു സമീപമുള്ള ശാസ്താവു പൊയ്ക (പെരുങ്കുന്നം) എന്ന സ്ഥലത്തു നിലം കുഴിച്ചപ്പോള്‍ ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന പഞ്ചലോഹ  വിഗ്രഹമാണിത്. വില്ലും അമ്പും കൈയ്യിലേന്തി നില്ക്കുന്നതായിട്ടാണു വിഗ്രഹം. മുരുക്കുമണ്‍ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടുതോറും വിപുലമായി ഉത്സവം ആഘോഷിക്കപ്പെടുന്നു. കൈതോട്, കൈതക്കുഴി, തൊട്ടുവള്ളി എന്നിവിടങ്ങളില്‍ എല്ലാ വര്‍ഷവും ഉത്സവം നടത്താറുണ്ട്. ഈ ഉത്സവ പരിപാടികളില്‍ നാനാജാതി മതസ്ഥരും സഹകരണ മനോഭാവത്തോടെ പങ്കെടുക്കുന്നു. നിലമേല്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട കാവുകള്‍ കൈതക്കുഴി ചാവരു കാവും കൊടിക്കോണം കാവുമാണ്. ഇവിടങ്ങളിലും ഉത്സവങ്ങള്‍ നടക്കുന്നു. നിലമേല്‍ പഞ്ചായത്തില്‍ നാലു ക്ഷേത്രങ്ങളും, ആറു മുസ്സീം പള്ളികളും രണ്ടു ക്രിസ്ത്യന്‍ പള്ളികളും ഒരു ശ്രീനാരായണ ഗുരുമന്ദിരവും സ്ഥിതി ചെയ്യുന്നു. 1949 മുതല്‍ പ്രവര്‍ത്തിക്കുന്ന സൌഹാര്‍ദ്ദ സമിതി ഗ്രന്ഥശാല ഇവിടത്തെ സാംസ്ക്കാരിക മേഖലയിലെ പ്രധാന കണ്ണിയായിരുന്നു. കലാ-കായിക-സാംസ്ക്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പഞ്ചായത്തിലുണ്ട്. 20 വര്‍ഷത്തിനു മേലായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ക്ളബുകളാണ് നാസ്സ്, വിശ്വദര്‍ശന എന്നിവ. എല്ലാ വര്‍ഷവും വേയ്ക്കല്‍ മരമടി മഹോത്സവം നടത്താറുണ്ട്. കാര്‍ഷികോത്സവമായ മരമടി മത്സരം നടത്തുന്ന, നിലമേല്‍ പഞ്ചായത്തിലെ ഏകപ്രദേശമാണു വേയ്ക്കല്‍ . മുതുകുടിയില്‍ ജമാല്‍ സാഹിബ്ബ്, പൂങ്കോടിയില്‍ മുഹമ്മദു കുഞ്ഞ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ മത്സരം. പൂങ്കോടിയില്‍ വാവാക്കുഞ്ഞു സാഹബ്ബിന്റെ മേല്‍ നോട്ടത്തില്‍ പൂര്‍വ്വാധികം ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ്ടുതോറും ഇതൊരു മഹോത്സവമായി കൊണ്ടാടപ്പെടുന്നു. കേരളത്തിലാകെ ജനശ്രദ്ധ പിടിച്ചുപറ്റിയ വേയ്ക്കല്‍ മരമടി മഹോത്സവം കാര്‍ഷിക കേരളത്തിന്റെയും ടൂറിസ്റ്റുകളുടേയും ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലമേലിലെ ആദിമ നിവാസികള്‍ പ്രധാനമായും പട്ടികജാതിയില്‍പെട്ടവരായിരുന്നു. പിന്നീട് ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ താമസമാക്കുകയും ഹരിജനങ്ങളെ അവരുടെ ജോലിക്കാരായി നിയോഗിക്കുകയും ചെയ്തു. വനപ്രദേശങ്ങളായിരുന്ന പല ഭാഗങ്ങളും അവരുടെ അധ്വാനം കൊണ്ടു കൃഷിയിടങ്ങളായി. കൃഷിയിടങ്ങള്‍ രൂപപ്പെടുത്തുന്നതിനു വേണ്ടി ഒരു പ്രദേശത്തുനിന്നു മറ്റൊരിടത്തേക്ക് അവര്‍ മാറിമാറി നിയോഗിക്കപ്പെട്ടിരുന്നു. മലബാറിലെ ആഴ്വഞ്ചേരിയില്‍ നിന്നു വന്ന നായര്‍ മാടമ്പിമാരായിരുന്നു നിലമേല്‍ ഉണ്ണിത്താന്മാര്‍ . അവരുടെ കുടുംബ വകയോ, അവരുടെ അധീനത്തിലും ഏകാധിപത്യത്തിലുമുള്ളതോ ആയിരുന്നു ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും. അവരുടെ കുടുംബത്തിന് നിലമേല്‍ വീട് എന്നായിരുന്നു പേര്. പൂവണത്തുംകോടു മാടമ്പി എന്നറിയപ്പെട്ടിരുന്ന കുതിരക്കാരന്‍ ഉണ്ണിത്താന്‍  ആയിരുന്നു പ്രദേശത്തിന്റെ അധിപന്‍. അദ്ദേഹത്തിന്റെ അറിവും അനുവാദവും കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പോലും ഇതുവഴി സഞ്ചരിക്കാനോ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കഴിയുമായിരുന്നില്ല. യശഃശരീരനായ മുരുക്കുമണ്‍ കെട്ടിടത്തില്‍ കൃഷ്ണനുണ്ണിത്താന്റെ പിതാവ് പൂവണ്ണാലയ്യപ്പന്‍ എന്നു മാറാപ്പേരുള്ള നാരായണന്‍ ഉണ്ണിത്താന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്നു. ജനവികാരം എക്കാലത്തും അടിച്ചമര്‍ത്തപ്പെടാന്‍ കഴിയില്ല. സഹജമായ ആത്മാഭിമാനത്തിന്റെ ബഹിര്‍ സ്ഫുരണം അക്രമത്തില്‍ കലാശിച്ച ചരിത്രവുമുണ്ട്. ഉണ്ണിത്താന്മാരുടെ പ്രതിനിധിയായി വടക്കന്‍ എന്നറിയപ്പെട്ടിരുന്ന ഒരു കങ്കാണിയുണ്ടായിരുന്നു. അധികാരത്തിന്റെ ചാട്ടവാര്‍ ചുഴറ്റി അടിയാന്മാരെ ചൊല്പടിക്കു നിറുത്താന്‍ ശ്രമിച്ചിരുന്ന കങ്കാണിക്കു പക്ഷേ, അധികനാള്‍ അതു തുടരാനായില്ല. ഏകാധിപത്യത്തിനും, പീഢനത്തിനുമെതിരായി പ്രാകൃതാവസ്ഥയിലും പ്രതികരിച്ച അടിയാന്മാര്‍ വടക്കന്‍ കങ്കാണിയെ ചുട്ടുകരിച്ചു കൊലപ്പെടുത്തി. ഈ സ്ഥലത്തിന് അടുത്തകാലം വരെ വടക്കനെ കൊന്ന പച്ച എന്നു പേരുണ്ടായിരുന്നു. (ഇപ്പോള്‍ ചാറയം).